ചേക്കുട്ടിയെ പൊതു ഉടമസ്ഥതയിലുള്ള സാമൂഹിക സംരംഭകത്വമായി ചേന്ദമംഗലത്തെ നെയ്ത്തുകാർ വളർത്തിയെടുക്കുമ്പോൾ:
ചേന്ദമംഗലം, ജൂലൈ 19: അതിജീവനത്തിന്റെ ആഗോള മുദ്രകളിലൊന്നായി ഉയർന്ന ചേക്കുട്ടിയെന്ന കുഞ്ഞു പാവയുടെ ജന്മസ്ഥലം അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ചേന്ദമംഗലത്തുള്ള ഏഴ് കൈത്തറി നെയ്ത്ത് സംഘങ്ങളുടെ നേതൃത്വത്തിൽ Resilient Chendamangalam എന്ന പേരിൽ പുതിയ സമൂഹ സംരഭത്തിന് തുടക്കം കുറിക്കുന്നു.
2018 ആഗസ്റ്റിലെ പ്രളയത്തിൽ ഒരു സന്നദ്ധപ്രവർത്തനമായാണ് ചേക്കുട്ടിയുടെ ജനനം. പ്രളയം തകർത്ത ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ നാട്ടുകാരോടൊപ്പമുള്ള ഒരു അതിജീവന സംരംഭം. ചേറിൽ പൂണ്ട് നാശോന്മുഖമായ കൈത്തറി സാരികളാൽ പാവകൾ നിർമ്മിച്ചാണ് ഈ സംരംഭം ആരംഭിച്ചത്. ലോകമെങ്ങും നിന്നുള്ള സന്നദ്ധ പ്രവർത്തകർ അവർക്ക് പിന്തുണയുമായെത്തി. ചുരുങ്ങിയ സമയത്തിൽ ലക്ഷ്യം നേടിയ ചേക്കുട്ടി ദുരന്താധിജീവനത്തിൽ ലോകത്തിന് തന്നെ മാതൃകയായി.
അമ്പതിനായിരത്തിലേറെ സന്നദ്ധ പ്രവർത്തകർ ഒൻപതു രാജ്യങ്ങളിലായി ചേക്കുട്ടി നിർമ്മാണത്തിൽ പങ്കാളികളായി. ഒരു വർഷത്തിനകം തന്നെ ചേക്കുട്ടി നൂറ്റി നാല്പ്പത് രാജ്യങ്ങളിലെത്തി. കഴിഞ്ഞ മാസം ജനീവയിൽ ലോകബാങ്കും യുഎൻ ഡി ആർ ആറും നടത്തിയ ലോക പുനർനിർമ്മാണ സമ്മേളനത്തിലെ രണ്ടായിരത്തിലേറെ പ്രതിനിധികൾ ഈ പാവകളുമായാണ് മടങ്ങിയത്. കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ ചടങ്ങുകളിലും, ഔട്ട്ലുക്ക് ട്രാവലർ അവാർഡ് ചടങ്ങിലുമൊക്കെ ചേക്കുട്ടികളും, ചേക്കുട്ടി കോൺഫറൻസ് ടാഗുകളും എത്തി ചേർന്നു. അമേരിക്കയിലെ പ്രകൃതി ദുരന്ത കേന്ദ്ര സമ്മേളനത്തിൽ വരെ സാന്നിധ്യമറിയിച്ചു. ആസ്ത്രേലിയയിലെ മനുഷ്യത്വപരമായ ഇടപെടലിന്റെ നേതൃത്വ സമ്മേളനത്തിലും സ്പെയിനിൽ നടക്കുന്ന അതിജീവന നഗരങ്ങളുടെ ഉച്ചകോടിയിലും ചേക്കുട്ടി ചർച്ചയും സാന്നിദ്ധ്യവുമാവുകയാണ് .
ഇപ്പോൾ നെയ്ത്തുകാർ ചേക്കുട്ടിയുടെ മറ്റൊരു ചരിത്രം രചിക്കാനൊരുങ്ങുകയാണ്. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.അനൂപ് കുമാർ അധ്യക്ഷനായി ജൂൺ 19 ന് നടത്തിയ യോഗം ഏഴ് നെയ്ത്ത് സംഘങ്ങളുടെ കൂടിച്ചേരലായി. ചെളി പുരണ്ട തുണിത്തരങ്ങൾ തീരുന്ന മുറയ്ക്ക് നൂറ് ശതമാനം പൊതു ഉടമസ്ഥതയിലുള്ള സമൂഹ സംരംഭകത്വമായി ചേക്കുട്ടിയെ മാറ്റാനാണ് യോഗത്തിന്റെ തീരുമാനം..
സംഘടനയുടെ ഉദ്ദേശ്ശ്യങ്ങൾ :
1) ചേന്ദമംഗലം നെയ്ത്തുകാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക.
2) ചേന്ദമംഗലത്തു പ്രത്യേകിച്ചും, എറണാകുളം ജില്ലയിൽ പൊതുവായും, ഒരു പുതിയ സാമ്പത്തിക വ്യവസ്ഥിതി കൊണ്ട് വരുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങളും , അനുഭവങ്ങളും ഉണ്ടാക്കിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുക.
3) ചേന്ദമംഗലം എന്ന പേരുപയോഗിച്ചു വ്യവഹാരം ചെയ്യന്ന കൈത്തറി യൂണിറ്റുകൾക്ക് അന്യോന്യം അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി എടുക്കുക.
4) സാമൂഹികവും, സാമ്പത്തികവും, പാരിസ്ഥികവുമായി ചേന്ദമംഗലത്തിനും, എറണാകുളം ജില്ലക്കും, പൊതുവെ കേരളത്തിനും ഉപയോഗ പ്രദമായ പ്രവർത്തികൾ ചെയ്യാൻ ഉണ്ടാകുന്ന രീതിയിൽ ഉള്ള ഒരു സംരംഭമായി മാറുക.
5) കാലാവസ്ഥാ വ്യതിയാനവും, അതിനോടനുബന്ധിച്ച ദുരന്തങ്ങളെയും അഭിമുഖീകരിക്കാനുള്ള അതിജീവന പദ്ധതികൾ നാട്ടുകാർക്ക് പകർന്നു കൊടുക്കുന്ന പരിശീലന പരിപാടികൾ നടപ്പിലാക്കുക.
6) നെയ്ത്തുകാർക്കു മാത്രമല്ലാതെ, ചേന്ദമംഗലത്തെ ഇതര വിഭാഗങ്ങളിലുള്ള ജനങ്ങൾക്കും സാമ്പത്തിക ഗുണം ഉണ്ടാകുന്ന രീതിയിലുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ നടപ്പിലാക്കുക.
“തളർന്നുവെന്നു തോന്നിയപ്പോൾ, ഞങ്ങൾക്ക് പലരും കൈത്താങ്ങായി വന്നിരുന്നു. ചേന്ദമംഗലത്തുള്ളവരും, കേരളത്തിന്റെയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരും, ഇതര രാജ്യങ്ങളിൽ നിന്ന് പോലും സഹായങ്ങൾ വന്നിരുന്നു. ” കരിമ്പാടം നെയ്ത്തു ശാലയുടെ സെക്രട്ടറി ശ്രീ അജിത് കുമാർ പറഞ്ഞു. “പ്രളയത്തിനെ അതി ജീവിക്കാൻ സഹായിച്ച നമ്മുടെ ആൾക്കാരുടെ കൂടെ നിൽക്കുക എന്ന ഒരു ഉത്തരവാദിത്വം കൂടി ഞങ്ങൾക്കുണ്ട്. ലോകമാകമാനം, പ്രകൃതി ദുരന്തങ്ങൾ സ്ഥിരമായി വരുന്ന ഒരു സാഹചര്യത്തിൽ ഈ ഒരു അതിജീവന മാതൃക ലോകത്തിന് തന്നെ ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയുമുണ്ട്.
സെപ്റ്റംബർ 9 ചേക്കുട്ടിയുടെ ഒന്നാം വാർഷികമാണ്. അന്ന് നെയ്ത്തുകാർ ലോക അതിജീവന ദിനമായി ആചരിക്കും. പുതിയ ഉത്പന്നങ്ങൾ പുതിയ തുണിയിൽ നിർമ്മിച്ച് പുറത്തിറക്കും. പുതിയ പാവകൾ, കീ ചെയ്നുകൾ, ലാൻയാർഡുകൾ, ഷർട്ടുകൾ, സാരികൾ, കുഞ്ഞു കുട്ടികൾക്കുള്ള തലയിണകൾ, വസ്ത്രങ്ങൾ എന്നിവ പുറത്തിറക്കും. എല്ലാം ചേക്കുട്ടിയെന്ന ബ്രാൻഡിൽ.
വിനോദ സഞ്ചാര സീസൺ തുടങ്ങുന്ന അവസ്ഥയിൽ ചെക്കുട്ടി കഫേകൾ, പ്രളയ മ്യൂസിയം എന്നിവ സ്ഥാപിക്കും. കേരളത്തിന്റെ പ്രളയാധി ജീവനത്തിന്റെ വാസ്തവ കഥകൾ സന്ദർശകർക്കായി വിനിമയം ചെയ്യും. കഥ പറയുന്നവർ യാത്രികരെ പ്രളയം ബാധിച്ചിടങ്ങളിൽ അനുയാത്ര ചെയ്യും. ജനങ്ങളുടെ അതിജീവന അനുഭവങ്ങൾ പങ്ക് വയ്ക്കും. നെയ്ത്ത് കേന്ദ്രങ്ങളും പെരിയാർ തീരത്ത് സ്ഥാപിക്കുന്ന മ്യൂസിയവും സന്ദർശകർക്ക് ആവേശമാകും.
“അതിജീവിക്കുന്ന ചേന്ദമംഗലം” പുതിയ ചരിത്രം കുറിക്കുമെന്ന് അനൂപ് പറഞ്ഞു. പ്രാദേശികമായ എല്ലാ അതിജീവന ശ്രമങ്ങളും അതിനായി കുട്ടിയിണക്കുകയാണ്. പ്രാദേശിക ജനതയെ ഭാവിയിലെ രക്ഷാപ്രവർത്തനത്തിൽ പ്രാപ്തരാക്കാൻ പ്രഥമ ശുശ്രൂഷാ, നീന്തൽ, എന്നിവയിലെല്ലാം പരിശീലിപ്പിക്കും. അതിജീവന ശ്രമങ്ങളിൽ അവർ മുന്നിൽ നില്ക്കും. പ്രധാന കേന്ദ്രങ്ങളിൽ ബോട്ടുകളും, കായാക്കുകളും വിന്യസിച്ച് ടൂറിസം മെച്ചപ്പെടുത്തുകയും ഒപ്പം ഭാവിയിലെ ദുരന്ത രക്ഷ ജാഗ്രതപ്പെടുത്തുകയും ചെയ്യും. സംരംഭത്തിനുള്ള പണം ഉത്തരവാദ ടൂറിസത്തിലൂടെയും, ചേക്കുട്ടിയിൽ നിന്നുള്ള ലാഭത്തിൽ നിന്നും കണ്ടെത്തും. നെയ്ത്തുകാർക്കുണ്ടാകുന്ന തൊഴിലുറപ്പിലുപരിയായി, ചേന്ദമംഗലത്തെ പല വിഭാഗങ്ങൾക്കും ഗുണകരമാകുന്ന രീതിയിലാണ് “റെസിലിയൻറ് ചേന്ദമംഗലം” എന്ന ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ചേക്കുട്ടി സ്ഥാപകരായ ലക്ഷ്മീ മേനോനും ഗോപിനാഥ് പാറയിലും തുടർന്നും മാർഗനിർദ്ദേശം നല്കി കൂടെ നിന്ന് പ്രവർത്തിക്കും.